English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 
പൊന്നാനി എന്ന സ്ഥലനാമത്തിന്റെ പിന്നിലുള്ള ഐതിഹ്യങ്ങള്‍ ഒട്ടേറെയാണ്. പൊന്‍നാണയങ്ങളുടെ നാടാണ് പിന്നീട് പൊന്നാനി എന്നറിയപ്പെട്ടതെന്നു കരുതപ്പെടുന്നു. ഇന്ത്യാ രാജ്യത്തില്‍ ആദ്യമായി പൊന്നാനിയില്‍ ആയിരുന്നു വാണിജ്യരംഗത്ത് അറബി പൊന്‍നാണയങ്ങള്‍ പ്രചാരത്തില്‍ വന്നത്. ഈ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൊന്നില്‍ തീര്‍ത്ത ആനകളുടെ പ്രതിമകള്‍ വഴിപാടായി ലഭിച്ചിരുന്നുവെന്നും, ‘പൊന്നാന’കളെ ആരാധിച്ചിരുന്നുവെന്നും, പൊന്നാനയുടെ നാട് പൊന്നാനിയായി രൂപാന്തരപ്പെട്ടതാണെന്നും മറ്റൊരു കഥ കേള്‍ക്കുന്നുണ്ട്. ഇതിനോടനുബന്ധമായി ആഴ്വാഞ്ചേരി തമ്പ്രാക്കളും പാക്കനാരും ഉള്‍പ്പെട്ട ഒരു കഥയുമുണ്ട്. അതിപ്രാചീനകാലത്ത് പൊന്നന്‍ എന്നൊരു രാജാവ് ഇവിടം ഭരിച്ചിരുന്നുവെന്നും, അതു കാരണമാണ് ഈ പ്രദേശം പൊന്നാനി ആയതെന്നും മറ്റൊരഭിപ്രായവുമുണ്ട്. പൌരാണിക കാലം മുതല്‍ക്കേ ചരിത്രത്തില്‍ സ്ഥാനംപിടിച്ച പശ്ചിമതീരത്തെ തുറമുഖ പട്ടണങ്ങളിലൊന്നാണ് പൊന്നാനി. എ.ഡി ഒന്നാം നൂറ്റാണ്ടിനോടടുത്ത് ഗ്രീക്ക് ഭാഷയില്‍ രചിക്കപ്പെട്ട “എരിത്രിയന്‍ കടലിലെ പെരിപ്ലസ്‌” എന്ന ചരിത്ര ഗ്രന്ഥത്തിലെ “തിണ്ടിസ്” പൊന്നാനി തന്നെയാണെന്ന് ചരിത്രകാരന്മാരില്‍ പലരും അഭിപ്രായപ്പെടുന്നു. എങ്കിലും സാമൂതിരിയുടെ ഭരണകാലത്തിനു മുമ്പുള്ള പൊന്നാനിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളൊന്നുമില്ല. സാമൂതിരിമാര്‍ക്ക് മുമ്പ്, തിരുമനശ്ശേരി രാജാക്കന്‍മാരുടെ കീഴിലായിരുന്നു പൊന്നാനി എന്ന് കരുതപ്പെടുന്നു. സാമൂതിരിമാരുടെ ഭരണം പൊന്നാനിയുടെ സുവര്‍ണകാലമായിരുന്നുവെന്ന് പറയാം. തങ്ങളുടെ രണ്ടാം തലസ്ഥാനനഗരി എന്ന നിലയ്ക്കായിരുന്നു ഭരണകര്‍ത്താക്കള്‍ ഈ നഗരത്തെ കണ്ടിരുന്നത്. 1498-ല്‍ വാസ്കോഡ ഗാമ കാപ്പാട്ട് കപ്പലിറങ്ങിയപ്പോള്‍ സാമൂതിരി പൊന്നാനിയിലായിരുന്നു. പറങ്കിപ്പടയുടെ പേടിസ്വപ്നവും, സാമൂതിരിയുടെ നാവികപ്പടത്തലവന്‍മാരുമായിരുന്ന കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍മാര്‍ പല നിലയ്ക്കും പൊന്നാനിയുമായി ബന്ധമുള്ളവരായിരുന്നു. കൊച്ചിയില്‍ വേരുകളുണ്ടായിരുന്ന ഇവര്‍ കുറേക്കാലം കുടുംബസമേതം പാര്‍ത്തിരുന്നത് പൊന്നാനിയിലായിരുന്നു. 1507-ല്‍ അല്‍മേഡ എന്ന പറങ്കിപ്പടനായകന്‍ ഈ നഗരം ചുട്ടെരിച്ചതിനെ തുടര്‍ന്നാണ് മരയ്ക്കാര്‍ കുടുംബം പൊന്നാനി വിട്ടു മാറിത്താമസിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1766-ല്‍ ഹൈദരാലിയുടെ കടന്നാക്രമണത്തോടെ, സാമൂതിരി ഭരണം അവസാനിച്ചു. തുടര്‍ന്ന് പൊന്നാനിയും മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണത്തിന്‍ കീഴിലായി. 1790-92-ല്‍ ടിപ്പുസുല്‍ത്താന്‍ മൈസൂരില്‍ നിന്നും കൊച്ചിയിലേക്ക് പടയെ അയച്ചിരുന്നു. അവര്‍ പൊന്നാനി വഴിയാണ് സഞ്ചരിച്ചത്. ഈ വഴിയാണ് ആദ്യകാലത്ത് “ടിപ്പു സുല്‍ത്താന്‍ റോഡ്” എന്നും ഇപ്പോള്‍ പുതുപൊന്നാനി റോഡ് എന്നും അറിയപ്പെടുന്നത്. ടിപ്പുവിന്റെ പതനത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ആധിപത്യത്തിലമര്‍ന്ന പൊന്നാനി, ഹ്രസ്വകാലം ബോംബെ പ്രോവിന്‍സിന്റെ ഭാഗമായിരുന്നു. പിന്നീട് ഒന്നര നൂറ്റാണ്ടിലേറെക്കാലം മദ്രാസ് പ്രോവിന്‍സിലെ മലബാര്‍ ജില്ലയിലാണ് പൊന്നാനി ഉള്‍പ്പെട്ടിരുന്നത്. 1861-ല്‍ ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് എന്നീ താലൂക്കുകളുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പൊന്നാനി താലൂക്ക് രൂപീകരിക്കുന്നതുവരെ പൊന്നാനി, കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു. 1901 വരെ പൊന്നാനി മുന്‍സിഫ് കോടതിയുടെ പേര് കൂറ്റനാട് മുന്‍സിഫ് കോടതി എന്നായിരുന്നു. 1907-ലാണ് പൊന്നാനി പഞ്ചായത്ത് രൂപീകൃതമാവുന്നത്. 1977 നവംബര്‍ 15-നാണ് പൊന്നാനി നഗരസഭ രൂപീകൃതമായത്. കേരളത്തിലെ പ്രകൃതിദത്തമായ തുറമുഖങ്ങളിലൊന്നാണ് പൊന്നാനി. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് ഏറെ ആശ്രയിക്കാവുന്നതും, കിഴക്ക് കോയമ്പത്തൂര്‍ വരെയുള്ള പ്രദേശങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ളതുമായ ഏക തുറമുഖം പൊന്നാനിയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ തുറമുഖത്ത്  വന്‍തോതിലുള്ള കയറ്റിറക്കുമതി നടന്നിരുന്നു. പൊന്നാനി തുറമുഖത്ത് അറബികളും, ബ്രിട്ടീഷുകാരുമുള്‍പ്പെടെ മറ്റ് യൂറോപ്യന്മാരും മലഞ്ചരക്കു വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1960-കളില്‍ പോലും കപ്പലുകള്‍ വന്നടുത്തിരുന്ന ഈ തുറമുഖത്ത് 1970-കളുടെ പകുതി വരെ പത്തേമാരികള്‍ പാതാറില്‍ വന്നടുക്കുകയും ചരക്കുകളുടെ കയറ്റിറക്ക് നടക്കുകയും ചെയ്തിരുന്നു. പ്രാചീനകാലം മുതല്‍ ഇവിടെ തഴച്ചുവളരുകയും, ഈ അടുത്തകാലംവരെ നിലനില്‍ക്കുകയും ചെയ്തിരുന്ന “ഉരു” നിര്‍മ്മാണ വ്യവസായം, ഇന്നൊരു മധുരിക്കുന്ന ഓര്‍മ്മ മാത്രമായവശേഷിക്കുന്നു. ഈ പ്രദേശത്തുനിന്നും ഒട്ടനവധി പേര്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1921-ല്‍ മലബാര്‍ കലാപത്തിന് ആരംഭം കുറിച്ച ഖിലാഫത്ത് പ്രവര്‍ത്തകരുടെ ഒരു സമ്മേളനം പൊന്നാനിയില്‍ വെച്ച് നടക്കുകയുണ്ടായി. 1939-ല്‍ പൊന്നാനിയില്‍ നടന്ന ബീഡിതൊഴിലാളി സമരം (അഞ്ചരയണ സമരം), പൊന്നാനി തുറമുഖത്ത് വഞ്ചിത്തൊഴിലാളികള്‍ നടത്തിയ സമരം എന്നിവ ഈ നാട്ടില്‍ നടന്ന ആദ്യകാല തൊഴിലാളി സമരങ്ങളായിരുന്നു. ബിലാല്‍ മസ്ജിദ്, തഖ്വാ മസ്ജിദ് തുടങ്ങിയ മുസ്ലീം പള്ളികള്‍, മാഞ്ഞാ ഭഗവതി ക്ഷേത്രം, വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഈ നഗരപ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍.